Tuesday, December 28, 2010

അര്‍ത്ഥാന്തരങ്ങള്‍

"അടുത്ത സ്റ്റോപ്പ്‌ കോട്ടയം ആണോ ചേട്ടാ ...?"
പാതി മയക്കത്തില്‍ ആയിരുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്നത് ആരുടെയോ ചോദ്യം കേട്ടിട്ടാണ് ...
സ്ഥല കല ബോധം വേണ്ടെടുക്കുവാന്‍ കുറെ നേരം കൂടി എനിക്ക് വേണ്ടിവന്നു ...
"ചേട്ടാ ..." എന്നില്‍ നിന്നും മറുപടി ഒന്നും കിട്ടത്തതിനലാകണം അവന്‍ കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചു ...
"ഇല്ല ..ആകുമ്പോള്‍ പറയാം ...ഞാനും അവിടെക്കാണ്.." എന്റെ ശബ്തം ആവശ്യത്തില്‍ കൂടുതല്‍ പരുക്കനായിരുന്നു ..അതുകൊണ്ടാണോ അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല ...
സൈഡ് വിന്‍ഡോയില്‍ നിന്നും നേര്‍ത്ത കാറ്റു അകത്തേക്ക് ദിശ തെറ്റി കടന്നുവരുന്നുണ്ടായിരുന്നു ...അനുസരണയില്ലാത്ത മുടിയിഴകളെ ഞാന്‍ ഇടം കൈ കൊണ്ടു മാടിയൊതുക്കി ..നഷ്ടപ്പെട്ട പാതി ഉറക്കത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചു തടി കൊണ്ടു ഉണ്ടാക്കിയ സീറ്റില്‍ ഞാന്‍ പിന്നിലേക്ക്‌ വെറുതെ ചാരി കിടന്നു ...അപ്പോഴും ആ തീവണ്ടി, പെയ്തിറങ്ങാന്‍ തുടങ്ങുന്ന ചാറ്റല്‍ മഴയെ അവഗണിച്ചു മുന്നോട്ടു പോയിക്കൊണ്ടിരുന്നു ..
വേദനയുടെയും നിരാശയുടെയും നൊമ്പരം മാത്രമുള്ള എന്റെ ഓര്‍മ്മകള്‍ പിന്നിലേക്കും ....!!
അല്ലെങ്കിലും എന്നും അങ്ങനെ തന്നെ ആയിരുന്നുവല്ലോ ...എഴുതിക്കൂട്ടിയ കഥകളിലും ...
വായിച്ച്തള്ളിയ പുസ്തകങ്ങളിലും അതാവാം മരണം പലപ്പോഴും വിരുന്നുകാരനായി വരാറുള്ളത് ...
ഞാന്‍ ഇഷ്ടപ്പെട്ടതും മരണത്തെ ആയിരുന്നു ...അതിന്റെ ഭയാനകത എന്നെ ഒട്ടും അലട്ടിയിരുന്നില്ല ...അന്നും ..ഇന്നും ...പക്ഷെ എന്റെ ചിന്തകളും ചിന്താഗതികളും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു ആകുമായിരുന്നില്ല ...അവള്‍ക്കെന്നല്ല ..ചിലപ്പോള്‍ ആര്‍ക്കും....
അവള്‍ എന്ന് ഞാന്‍ പറഞ്ഞത് എന്റെ ഭാര്യ ആണ്. ഗായത്രി ...ഒരു പാവം ...!
ഈ ലോകത്തിന്റെ ചതിക്കുഴികളെ കുറിച്ചോ കപടതകളെ കുറിച്ചോ അറിയാത്തതും ചിന്തിക്കാത്തതുമായ ഒരു നാട്ടിന്‍ പുറത്തുകാരി ...മരണത്തെയും ദുഖത്തെയും കുറിച്ച് മാത്രം സംസാരിക്കുന്നതും എഴുതുന്നതുമായ ഒരു വിഡ്ഢിയെ സ്നേഹിച്ചവള്‍ ....എന്നിട്ടും ഒരിക്കലും എന്നോട് ചോദിച്ചിരുന്നില്ല താന്‍ എന്താ ഇങ്ങനെ എന്ന് ...
ഒരുപക്ഷെ അവള്‍ ചോദിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ ഉത്തരം.....?
ഞാന്‍ അവള്‍ക് എന്താണ് ഈ ജീവിതത്തില്‍ നല്‍കിയത് ...വേദനയുടെ കുറെ ഓര്‍മ്മിക്കാന്‍ ഇഷ്ട്ടപ്പെടാത്ത ദിനങ്ങള്‍ ....പിന്നെ അലീന എന്ന കുരുന്നു ജീവനെയും ....

ഇരുപത്തിരണ്ടാമത്തെ വയസില്‍ അവളുടെ ജീവിതം താന്‍ കവര്‍ന്നെടുക്കുകയായിരുന്നു ...എന്തിനു വേണ്ടി ആയിരുന്നു എന്ന് പിന്നീടോക്കെയും ആലോചിച്ചിട്ടുണ്ട് ..അപ്പോഴേക്കും ജീവിതം ഏറെക്കുറെ പിന്നിട്ടിരുന്നു ...അലീന അവള്‍ക്കു കുറച്ചെങ്കിലും സന്തോഷം കൊടുത്തിരിക്കണം ..കാരണം പിന്നീട് അവള്‍ വല്ലപോള്‍ എങ്കിലും സന്തോഷവതി ആയിരുന്നു ....
എന്റെ ലോകം എന്നും പുസ്തകങ്ങള്‍ മാത്രമായിരുന്നു ...മുകുന്ദനും മാധവിക്കുട്ടിയും പദ്മനാഭനും എന്റെ ചെറിയ വായന മുറിയിലെ കഥാപാത്രങ്ങള്‍ ആയിരുന്നു ...വായനയുടെ മൂര്‍ധന്യ അവസ്ഥയില്‍ എന്നോ ഞാന്‍ എഴുതി തുടങ്ങി ...ഞാന്‍ എഴുതുന്നത് എന്താണെന്നു എനിക്കുപോലും അറിയില്ലായിരുന്നു ...ചിലപ്പോള്‍ കഥകള്‍ അകാം...മറ്റുചിലപ്പോള്‍ കവിതകള്‍ ...അത് പക്ഷെ മറ്റുള്ളവര്‍ വായിച്ച്‌ അറിയപ്പെടുന്ന കവിയോ കഥാ കൃതോ ആകാന്‍ ഒന്നും ആയിരുന്നില്ല എഴുതിയത് ...എന്റെ മനസിലെ ആരോടും പറയാന്‍ പറ്റാത്ത വികാരങ്ങള്‍ ...മനസിലെ ചിന്തകള്‍ക്ക് കനം വക്കുമ്പോള്‍ കുത്തിക്കുറിക്കുന്ന ജല്പനങ്ങള്‍ ..അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ ..അതുകണ്ട് അഭിനന്ധിചിട്ടുള്ളവര്‍ ഉണ്ട് ..കളിയാക്കിയവരും ...കളിയാക്കിയവരോട് എനിക്ക് ഒരിക്കലും വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല ...തോന്നിയത് വെറും സഹതാപം മാത്രം ....!!!!
പക്ഷെ പിന്നീട് ആരൊക്കെയോ പറഞ്ഞതും ഞാന്‍ തിരിച്ചറിഞ്ഞതുമായ ഒരു സത്യം ഉണ്ടായിരുന്നു ...
ഞാന്‍ എഴുതിയതിലോക്കെയും മരണം വിഷയമായിരുന്നത്രേ...!!
...അത് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും ഞാന്‍ പിന്തിരിയാന്‍ കുറെ സ്രെമിചെങ്കിലും സാധിച്ചിരുന്നില്ല കാരണം അപ്പോഴേക്കും എന്റെ വളര്‍ന്ന താടിരോമങ്ങളില്‍ പകുതിയില്‍ ഏറെയും വെള്ളി നിറം കടന്നു വരാന്‍ തുടങ്ങിയിരുന്നു ...ഒടുവില്‍ എഴുത്തിന്റെയും വായനയുടെയും ഭാരമിറക്കി വക്കാന്‍ ഗായത്രിയുടെ അനുവാതതോടെ ഇറങ്ങിയതാണ് ...എന്തൊക്കെയോ കുത്തിക്കുറിച്ച കടലാസുകള്‍ ദൂരെ എവിടെ എങ്കിലും വലിച്ചെറിയണം...ഒപ്പം സമയം കൊല്ലിയാകുന്ന എഴുത്തും ...
"ചേട്ടാ ..കോട്ടയം എത്തി " ആ ചെറിയ പയ്യന്റെ ശബ്തം എന്നെ വീണ്ടും യഥാര്ത്യങ്ങളുടെ പടി വാതിലിലേക്ക് കൂട്ടിക്കൊണ്ടു വന്നു...ഇറങ്ങാന്‍ ഉള്ള തിരക്ക് ഒഴിയുന്നതുവരെ ഞാന്‍ മാറിനിന്നു ...ഞാന്‍ ഇറങ്ങിക്കഴിഞ്ഞിട്ടു ചുറ്റിനും നോക്കിയെങ്കിലും ആ ചെറിയ പയ്യനെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല..തോളില്‍ കിടന്ന തുണിസഞ്ചിയും തൂക്കിപ്പിടിച്ച് കുറെ ദൂരം ഞാന്‍ നടന്നു ...ഒടുവില്‍ അരികില്‍ കണ്ട സിമന്റ് ബെന്ചിലെക്കിരുന്നു ...ഓര്‍മ്മകള്‍ അപ്പോഴും എന്നെ കൈ പിടിച്ചുയര്‍ത്താന്‍ സ്രെമിച്ചുകൊണ്ടിരുന്നു ...പക്ഷെ അതിന് അടിപ്പെടാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു ...എത്ര നേരം അവിടെ ഇരുന്നു എന്നെനിക്കറിയില്ല ...അയഞ്ഞ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുറത്തേക്ക്‌ പുക ഊതി വിട്ടപ്പോള്‍ നല്ല സുഖം തോന്നി ..ഞാന്‍ പതുക്കെ ഇറങ്ങി ട്രെയിന്‍ പാളത്തിനു അരികിലൂടെ നടന്നു ..തോളില്‍ കിടന്നു തൂങ്ങി ആടുന്ന സഞ്ചിയില്‍ ഞാന്‍ മുറുകെ പിടിച്ചു ....എന്റെ ജീവിതമാണ്‌ അതില്‍ ...അര്‍ഥങ്ങള്‍ ഇല്ലാത്ത കുറെ വാക്കുകളും വരികളും...അതിനെ ഉപേക്ഷിക്കുക ...എനിക്ക് ഓര്‍ക്കാന്‍ കൂടി ആകുമായിരുന്നില്ല അത് ...അകലെ നിന്നും ഒരു ട്രെയിന്‍ വരുന്നതിന്റെ ഒച്ച അടുത്തടുത്ത്‌ വരുന്നുണ്ടായിരുന്നു ...ഞാന്‍ പതുക്കെ പാളത്തിലേക്ക് കയറി ..ഒരു ട്രെയിന്‍ അലറിക്കുതിച്ചു വരുന്നുണ്ടായിരുന്നു ...ഉറച്ച കാല്‍വെപ്പുകളോടെ ഞാന്‍ മുന്നോട്ടു നടന്നു ...ഗായത്രിയുടെയും അലീനയുടെയും മുഖം എന്റെ മനസ്സില്‍ ഒരു നിമിഷത്തേക്ക് ഓടി എത്തി ....അപ്പോഴേക്കും എന്റെ മുകളില്‍ കൂടെ ട്രെയിന്‍ കടന്നു പോയിരുന്നു .... ബാക്കി ആയത് ദൂരെ തെറിച്ചു വീണ തുണി സഞ്ചിയിലെ പഴകിയ കടലാസുകളും പൂര്‍ത്തീകരിക്കാനാവാത്ത കുറെ ജീവിതങ്ങളും മാത്രമായിരുന്നു ....!!!

Wednesday, November 17, 2010

സ്വപ്നങ്ങള്‍ക്ക് ശേഷം...

ഞാന്‍ കണ്ണുകള്‍ പതുക്കെ വലിച്ചു തുറക്കാന്‍ ശ്രെമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല .കൈകളുയര്‍ത്താന്‍ നോക്കിയപ്പോള്‍ അതും വിഫലമായിരുന്നു .ഇത്രയും വലിയ ഉറക്കത്തില്‍ ആണോ ഞാന്‍ ..? എനിക്ക് ചുറ്റും ആരൊക്കെയോ നടക്കുന്നുണ്ടോ ...? ഞാന്‍ ചെവി കൂര്‍പ്പിച്ചു ...അതെ ആരൊക്കെയോ നിലവിളിക്കുന്നതും അടക്കം പറയുന്നതും എനിക്ക് വ്യക്തമല്ലാതെ കേള്‍ക്കാമായിരുന്നു ...ആ ശബ്ധങ്ങള്‍ എനിക്ക് പരിചിതവും ആയിരുന്നു ..എന്നാല്‍ എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല ...കണ്ണുകള്‍ ഞാന്‍ തുറന്നിട്ടില്ലെങ്കിലും എനിക്ക് കാണാന്‍ കഴിയുമായിരുന്നു പക്ഷെ എല്ലായിടത്തും കറുത്ത ഇരൂട്ടു മാത്രമാണെന്ന് മനസിലാവാന്‍ കുറച്ചുനേരം കൂടി എടുത്തു..ഞാന്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ ശ്രെമിച്ചിട്ടും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല ..
ആ ഇരുട്ടറയുടെ ഭയപ്പെടുത്തലില്‍ നിന്നും പുറത്തു ചാടുവാന്‍ എന്റെ മനം ഏറെ പണിപ്പെടുന്നുണ്ടായിരുന്നു....പക്ഷെ ...!!!

"വിളക്കിലെ തിരി നീട്ടിവച്ചു കുറച്ചുകൂടി എണ്ണ ഒഴിച്ചോളൂ ..അല്ലെങ്കില്‍ തിരി കെട്ട് പോകും .." ചെറിയമ്മാവന്‍ ഉറക്കെ ആരോടോ പറയുന്നത് കേട്ടു..അമ്മാവന്‍ ഇതെവിടെനിന്നാണ് ..?ഞാന്‍ ചുറ്റിനും നോക്കിയെങ്കിലും ഒന്നും കാണാന്‍ പറ്റിയില്ല. ..
"ഗോവിന്ദാ..ഇനി ആരെങ്കിലും വരാനുണ്ടോ ..."ആരോ പതിഞ്ഞ ശബ്ധത്തില്‍ ചോദിക്കുന്നത് ഞാന്‍ വ്യക്തമായും കേട്ടു ..ആരു വരാന്‍...അല്ലെങ്കില്‍ത്തന്നെ എങ്ങോട്ട് വരാനാണ് ...ഉത്തരമറിയാത്ത കുറെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം കണ്ടെത്താന്‍ വ്യഥാ ശ്രെമിച്ചു.. .
"മാവു മുറിച്ചു കഴിഞ്ഞു ..ഇനിയും വച്ചു താമസിപ്പിക്കെണ്ടാതുണ്ടോ...?"ആ ചോദ്യത്തിന്റെ അര്‍ഥം എനിക്ക് മനസിലായില്ല ...ഇവിടെ ആരെങ്കിലും മരിച്ചുവോ ...? എന്നിട്ടെന്തേ തന്നോടരും പറയാതിരുന്നത് ....?....അച്ഛമ്മക്ക്‌ സുഖമില്ലാതെ കിടക്കുകയാണ് ..ഇനി അവരായിരിക്കുമോ...?
"എന്റെ കുഞ്ഞിനെ എന്നെ ഒന്ന് കാണിക്കോ..."ആ നിലവിളി അമ്മയുടെതാണെന്ന് മനസിലാക്കാന്‍ എനിക്കൊരു നിമിഷം കൂടി വേണ്ടി വന്നില്ല ...എന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി .."അനിയന്‍" .....
അവനെന്തുപറ്റി...?ഒരു വര്ഷം കൂടി ആകുന്നില്ല ഗള്‍ഫിന് പോയിട്ട് ...ഇപ്പോള്‍ ...ഈശ്വരാ..എന്റെ കുഞ്ഞിനു എന്താണ് സംഭവിച്ചത് ...? കണ്ണില്‍ നിന്നും താഴേക്ക്‌ രണ്ടു നീര്‍ച്ചാലുകള്‍ ഒഴുകുന്നത് ഞാന്‍ അറിഞ്ഞു ..
"ശേഖരാ ..ആര്‍ക്കെങ്കിലും എന്റെ മോനെ ഒന്നുകൂടി കാണണമെങ്കില്‍....." അച്ഛന്റെ ശബ്ദം ഇടക്കുവച്ചു മുറിഞ്ഞു പോയി...
"എങ്കില്‍ പെട്ടിയുടെ മൂടി ഒന്നുകൂടി തുറന്നെരെ" ചെറിയ അമ്മാവന്റെ ഒച്ച വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങി ...
പെട്ടിയുടെ മൂടി ആരോ തുറക്കുന്നതും ഞാന്‍ കിടന്ന ഇരുട്ടറയിലേക്ക് വെളിച്ചം അരിച്ചിറന്ഗുന്നതും ഞാന്‍ അറിഞ്ഞു ....!!!
ഇപ്പോള്‍ എനിക്ക് എല്ലാവരെയും കാണാമായിരുന്നു ....ഭിത്തിയിലേക്ക് ചാരി വിതുമ്പലടക്കാന്‍ പാടുപെടുന്ന അച്ഛന്‍ ..തോളിലെ തോര്‍ത്ത്‌ മുണ്ടുകൊണ്ട് കണ്ണീരൊപ്പാന്‍ സ്രെമിക്കുന്ന അമ്മ .. ചുറ്റിനും അയല്‍ക്കാര്‍ ..പിന്നെ അറിയാവുന്നതും അറിയാത്തവരും ആയ കുറെ ആളുകള്‍ ...ആരൊക്കെയോ ഉറക്കെ കരയുന്നുണ്ട് ...ആ സത്യത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ഏറെനേരം വേണ്ടിവന്നു.....!!!
എന്റെ കണ്ണുകള്‍ അപ്പോഴും തിരഞ്ഞത് അവളെ ആയിരുന്നു ...വിമല ...എന്റെ ഭാര്യ ..എങ്ങും കാണുന്നില്ലല്ലോ ....
ഞാന്‍ മരിച്ചത് അവള്‍ അറിഞ്ഞില്ലയിരിക്കുമോ...? എന്റെയുള്ളില്‍ ഒരു ചോദ്യം കൂടി മുളച്ചു പൊന്തി ...
"വിമലയെ വിളിക്കണ്ടേ ...? ഇനി കാണാന്‍ പറ്റില്ലല്ലോ അവള്‍ക്കും ....?" ഇടറിയ ശബ്ധത്തില്‍ ആരോ പറഞ്ഞത് കേട്ടു ഞാന്‍ ചുറ്റിനും നോക്കി ...
ഏറെക്കഴിഞ്ഞില്ല ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച്ചുകൊണ്ടു വരുന്നുണ്ടായിരുന്നു ...ഞാന്‍ ആ മുഖത്തേക്ക് പാളി നോക്കി ..
അവളുടെ ആ രൂപം കണ്ടു ഞാന്‍ ശരിക്കും ഞെട്ടി ...ആ മുഖത്ത് ഒരു വികാരവും പ്രകടമായിരുന്നില്ല ...ഒരു ജീവശവം പോലെ തോന്നിയ കണ്ണുകളില്‍ നിന്നും തുള്ളിമുറിയാതെ കണ്ണീര്‍ പോഴിയുന്നുണ്ടായിരുന്നു ...അവളെ ശരീരതോട് ചേര്‍ത്ത് നിര്‍ത്തി ആ കണ്ണീര്‍ തുടക്കാന്‍ ഞാന്‍ ഓടി ചെന്നതും, കണ്ടഭാവം പോലും നടിക്കാതെ ആ നിശ്ചല ശരീരത്തിലേക്ക് വീണു പോട്ടിക്കരയാനയിരുന്നു അവള്‍ക്കു തിടുക്കം ...ഞാന്‍ അവിടെ ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നി ....
പിന്നെ എല്ലാം പെട്ടെന്ന് കഴിഞ്ഞു ..ശവം എടുക്കലും കുളിപ്പിക്കലും...പിന്നീട് ആരൊക്കെയോ എന്തൊക്കെയോ കര്‍മങ്ങള്‍ ചെയ്യുന്നതും എല്ലാം ..എന്റെ ശരീരം ചിതയില്‍ വച്ചു തീ കൊളുത്തുമ്പോള്‍ പക്ഷെ പൊള്ളുന്നുന്ടയിരുന്നില്ല .....എനിക്ക് അപ്പോഴും വിളിച്ചു പറയണം എന്നുണ്ടായിരുന്നു ഞാന്‍ മരിച്ചിട്ടില്ല എന്ന് .....പക്ഷെ ....!!!!!!

Friday, October 22, 2010

അഥീനയുടെ ഓര്‍മ്മകള്‍

ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ താമസിച്ചു എന്ന് തോന്നുന്നു നേരെ നടന്നു ബസ്സ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ എന്നും പോകുന്ന വണ്ടി പോയിക്കഴിഞ്ഞിരുന്നു ...നിരാശയോടെ ചുറ്റിനും നോക്കി കുറെ നേരം കൂടെ അവിടെ തന്നെ നിന്നു...ഒടുവില്‍ ബസ്സ്‌ വന്നു പക്ഷെ നല്ല തിരക്കായിരുന്നു ...എന്നിട്ടും ഒരു സര്‍ക്കസ് അഭ്യാസിയെ പോലെ ബസിനുള്ളില്‍ കയറിപ്പറ്റി ...

വീട്ടില്‍ എത്തുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു ...ഗേറ്റില്‍ എത്തിയപ്പോഴേ നോട്ടം എത്തിയത് വാതിലിലേക്ക് ആണ് ...അവള്‍ അവിടെ ഇല്ലല്ലോ .....! ചിലപ്പോള്‍ താമസിച്ചതിനു പിണക്കം ആയിരിക്കും ...അവള്‍ പലപ്പോഴും അങ്ങനെ ആയിരുന്നു ...എന്തിനാണ് പിണങ്ങുന്നത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു ...എനിക്കും...പക്ഷെ ആ പിണക്കത്തിലും എനോടുള്ള സ്നേഹം വളരെ വലുതാണെന്ന് എനിക്കറിയാമായിരുന്നു .......!!!
അവളെ ഞാന്‍ അഥീന എന്നാണ് വിളിച്ചിരുന്നത് ....പലപ്പോഴും അവളുടെ ഇരുട്ടിലും തിളങ്ങുന്ന കണ്ണുകള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു ....അതെ ...ആ കണ്ണുകള്‍ തന്നെ ആണ് അവളെ ഞാന്‍ ഇത്രയും ഇഷ്ടപ്പെടാന്‍ കാരണമായത് .......അവളുടെ അരുകിലിരുന്നു കയ്യിലെ നനുത്ത രോമങ്ങളില്‍ തലോടുന്നത് എന്റെ മറ്റൊരു വിനോദം ആയിരുന്നു...പക്ഷെ അവള്‍ പലപ്പോഴും അതിന് സമ്മതിച്ചിരുന്നില്ല ....നാണം ആയതുകൊണ്ടാകാം ....എന്തോ ഞാന്‍ ചോതിചിട്ടുമുണ്ടയിരുന്നില്ല ......!!!!

സത്യം പറഞ്ഞാല്‍ അമ്മയുടെ നിര്‍ബന്ധം കൊണ്ട്‌ മാത്രമാണ് ഞാന്‍ അവളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തത് .....അമ്മയുടെ അനുവാദം കിട്ടിയാല്‍ പിന്നെ എന്ത് പെടിക്കാനാണ് ....അത് കൊണ്ട്‌ തന്നെ ആണ് അവളുടെ കഴുത്തില്‍ ഞാന്‍ ആ മഞ്ഞ ചരട് കെട്ടിയതും .........!!! അതിന്റെ നന്ദി അവള്‍ക്കു അമ്മയോടും ഉണ്ടായിരുന്നു ...അമ്മയ്ക്കും അവളെ അത്രയേറെ ഇഷ്ടം ആയിരുന്നു അതായിരിക്കണം .......

മുറിയിലേക്ക് കയറി ഡ്രസ്സ്‌ മാറുമ്പോള്‍ വാതിലിന്റെ അരികിലെ മറഞ്ഞു നിന്നു അവള്‍ നോക്കുന്നത് ഞാന്‍ കണ്ണാടിയിലൂടെ കണ്ടു ...തിരിഞ്ഞു നോക്കിയതും എവിടെയോ അവള്‍ മറഞ്ഞതും ഒരേ സമയത്തായിരുന്നു.... വന്നു കഴിഞ്ഞാല്‍ എന്നും ചായ കൊണ്ട്‌ വരുന്നത് അമ്മ ആയിരുന്നു ...ഇന്നും പതിവ് തെറ്റിയില്ല.... ചായ കുടിച്ചു കഴിഞു മേശയുടെ പുറത്തേക്ക്‌ ഗ്ലാസ്‌ വച്ചിട്ട് ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു........തിരക്കുള്ള ബസ്സില്‍ വന്നതിനലാവണം നല്ല ക്ഷീണം ഉണ്ടായിരുന്നു ....പതുക്കെ ഞാന്‍ ഉറക്കത്തിലേക്ക് തെന്നി വീണു .....എങ്കിലും അഥീന യുടെ മുഖം ഒരു വെള്ളിനക്ഷത്രം പോലെ എന്റെ മനസ്സില്‍ തിളങ്ങി നില്‍പ്പുണ്ടായിരുന്നു ....
ഏറെക്കഴിഞ്ഞില്ലേ ...എന്റെ അരുകില്‍ ആരോ കിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി ....ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു ...അവള്‍ ആണ് അഥീന ...ഞാന്‍ പതുക്കെ അവളെ എന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു ...അവളുടെ കൈകള്‍ എന്റെ നെഞ്ചില്‍ വെറുതെ പരതിക്കൊണ്ടിരുന്നു ...കുറെ നേരം കഴിഞ്ഞു ...എന്റെ കവിളില്‍ സൂചി കൊണ്ട്‌ ആരോ കുത്തുന്നത് പോലെ എനിക്ക് തോന്നി ....ഞാന്‍ ഞെട്ടി ഉണര്‍ന്നു ....അവളുടെ നീണ്ട നഖങ്ങള്‍ എന്റെ കവിളില്‍ വ്യക്തമായ ക്ഷതം എല്പിചിട്ടുണ്ടായിരുന്നു ...എനിക്ക് ശരിക്കും ദേഷ്യം വന്നു ...വലതു കൈ കൊണ്ട്‌ അവളുടെ കഴുത്തില്‍ പിടിച്ചു ഒരു ഏറു കൊടുത്തു ....ഭിത്തിയില്‍ ഇടിച്ചു താഴെ വീണ അവള്‍ മ്യാവൂ ...മ്യാവൂ... എന്ന് ഉറക്കെ കരഞ്ഞു കൊണ്ട്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു ........!!!!!

Saturday, October 16, 2010

അനാഥജന്മങ്ങള്‍

തിരക്കിനിടയിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ദാസന്‍ മറ്റൊന്നും ചിന്തിക്കുന്നുണ്ടയിരുന്നില്ല .ഞായറാഴ്ച ആയതിനാലാവണം പതിവിലും നല്ല തിരക്കുണ്ടായിരുന്നു പക്ഷെ അവന്റെ ചിന്തകളൊക്കെയും ടാഗോര്‍ തീയറ്ററിലെ ജുഗല്‍ബന്ദിയെക്കുരിച്ചയിരുന്നു ഏറെ നാളായിരിക്കുന്നു ഒരു കച്ചേരിക്ക്‌ പോലും പോയിട്ട് ...അവന്‍ ജുബ്ബക്കുള്ളിലെ കയ്യിട്ടു പാസ്‌ പോക്കെറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി .
5 .45 ആകുന്നു സമയം .6 മണിക്കാണ് പ്രോഗ്രാം .അതിനു മുന്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ഈ അവസരം നഷ്ടപ്പെട്ടാലോ...? അവന്‍ നടത്തത്തിനു കുറച്ചുകൂടി വേഗം കൂട്ടി.


പെട്ടെന്ന് ആണ് ദാസന്‍ ആ കാഴ്ച കണ്ടത് .റോഡരുകിലെ മരത്തിന്റെ തണലിലിരിക്കുന്ന സ്ത്രീയെ ....തമിഴത്തി ആണെന്ന് തോന്നുന്നു അവളുടെ മുന്നിലെ വിരിച്ചിട്ടിരിക്കുന്ന മുഷിഞ്ഞു കീറിയ തോര്‍ത്തിലേക്ക് ചിലര്‍ അവഞ്ഞയോടെ നോക്കുകയും മറ്റു ചിലര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞുകോടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവളുടെ അരികിലിരുന്ന കൊച്ചുകുഞ്ഞിനെ ദാസന്‍ ഒട്ടൊരു അനുകമ്പയോടെ നോക്കി...
രണ്ടു രണ്ടര വയസുകാണും അതിന്. ആണാണോ, പെണ്ണാണോ എന്നറിയാന്‍ കഴിയാത്ത വിധം ചെമ്പിച്ച മുടികള്‍ കഴുത്തിലേക്കു വളര്‍ന്നിരങ്ങിയിട്ടുണ്ടായിരുന്നു...മൂക്കില്‍ നിന്നും താഴേക്കൊഴുകുന്ന കൊഴുത്ത ദ്രാവകം ഇടതു കയ്യിലിരിക്കുന്ന റൊട്ടിയോടൊപ്പം അവള്‍ ചവച്ചു തിന്നുന്ന്ടയിരുന്നു .അയാള്‍ കുറെ നിമിഷം കൂടി ആ പിഞ്ചു ബാലികയെ നോക്കിനിന്നു .പോക്കെറ്റില്‍ നിന്നും ഒരു പത്തു രൂപയുടെ നോട്ടെടുത്ത് ആ സ്ത്രീയുടെ കയ്യിലേക്ക് വച്ചു കൊടുക്കുമ്പോള്‍ ഏതൊക്കെയോ ചിന്തകള്‍ അവനെ വന്നു മൂടുകയായിരുന്നു ....


ടാഗോര്‍ തീയറ്ററിലെ ഇരുണ്ട വെട്ടതിലിരുന്നു ജുഗല്‍ബന്ദി കാണുമ്പോഴും അവന്റെ ചിന്ത ആ വഴിവക്കിലെ പിഞ്ചു കുഞ്ഞില്‍ ആയിരുന്നു .അവന്റെ മനസിനെ അവള്‍ അത്രക്കും പിടിച്ചുകുലുക്കിയിരുന്നു..........പ്രോഗ്രാം തീര്‍ന്നതും അവന്‍ വീടിലേക്ക്‌ നടന്നു..സുനന്ദയോട് പറയണോ ആ കുഞ്ഞിന്റെ കാര്യം ...അല്ലെങ്കില്‍ വേണ്ട .താന്‍ കൂടി അവളെ വിഷമിപ്പിക്കേണ്ട അല്ലാതെ തന്നെ ഓരോരുത്തരായി അവളെ കുത്തിനോവിക്കുന്നുണ്ട്..12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട് ...ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല ..അതുകൊണ്ട് തന്നെയാവണം സുനന്ദ ഇപ്പോള്‍ പുറത്തേക്കൊന്നും പോകാറെയില്ല ...ആള്‍ക്കാരുടെ മുഖത്ത് നോക്കാനുള്ള മടി ആയിരിക്കും ...


ദിവസങ്ങള്‍ കഴിയുന്തോറും ഓര്‍മകള്‍ക്ക് കാലപ്പഴക്കം വന്നുകൊണ്ടിരുന്നു ...അന്ന് ദാസന്‍ ടൌണിലേക്ക് ഇറങ്ങിയത് കുറച്ചു പച്ചക്കറി വാങ്ങാനായിരുന്നു..കടയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങിയതും റോഡില്‍ ആരൊക്കെയോ ഓടിക്കൂടുന്നത് കണ്ടു നാലുപാടു നിന്നും
ആള്‍ക്കാര്‍ വരുകയും ഒരു ജനക്കൂട്ടം രൂപപ്പെട്കയും ചെയ്തു..അവനും ആ ആള്‍ക്കൂട്ടത്തില്‍ ലെയിച്ചു .ആരോ പറയുന്നത് കേട്ടു..വണ്ടിയിടിച്ചതാണെന്ന് ..ഇടിച്ചിട്ടു നിര്‍ത്താതെ പോയത്രേ .....ദാസന്‍ തിരക്കിനിടയിലൂടെ ഊര്‍ന്നു നടുവിലെത്തി ...ആ കാഴ്ച കിടിലം കൊള്ളിക്കുന്നതായിരുന്നു ..രക്തം റോഡില്‍ തളം കെട്ടി ക്കിടക്കുന്നു ..ഏതോ സ്ത്രീ ആണ്.... കമഴ്ന്നു കിടക്കുന്ന അവരുടെ കാലുകള്‍ ഇടിയുടെ ആഘാതത്തില്‍ "റ" പോലെ വളഞ്ഞിരുന്നു...സ്ഥാനം തെറ്റി ക്കിടക്കുന്ന സാരിയുടെ കളര്‍ ചോരയില്‍ മുക്കിയ തുണിയെ ഓര്‍മിപ്പിച്ചു ...


അപ്പോഴും അരികില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ദാസന്‍ നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു ..കാരണം അത് അന്ന് കണ്ട സ്ത്രീയും കുഞ്ഞും ആണെന്ന് അവന്‍ മനസിലാക്കുകയായിരുന്നു ....ആ നിമിഷത്തിന്റെ വേദന എന്താണെന്നു പോലും അറിയാതെ അപ്പോഴും അവള്‍ കയ്യിലിരുന്ന ചെറിയ കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കി കളിക്കുകയായിരുന്നു.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു ഒരു ആംബുലന്‍സ് വന്നതും ആ നിശ്ചല ശരീരം എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് പോയതും ഒപ്പം കഴിഞ്ഞു....ഒരു സിനിമ കണ്ട ലാഘവത്തോടെ ആള്‍ക്കാര്‍ ഓരോ വഴിക്കും പിരിയാന്‍ തുടങ്ങിയിരുന്നു ..ദാസന്‍ ഒന്നുരണ്ടു നിമിഷം കൂടി അവിടെ നിന്നു..പിന്നീട് ഒരിക്കലും തീരാത്ത ഹൃദയ വേദനയോടെ അയാളും നടന്നു ...ഒരു ചെറിയ വിതുമ്പി കരച്ചില്‍ കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ആ കുഞ്ഞ് അമ്മയെ കാണാതെ ചുറ്റിനും നോക്കി കരയുന്നുണ്ടായിരുന്നു .അയാള്‍ അവളുടെയരികിലേക്ക് നടന്നു വന്നു.കണ്ണില്‍ നിന്നും ഒഴുകി താഴേക്ക്‌ വീഴുന്ന കണ്ണുനീര്‍ കൈ കൊണ്ട്‌ തുടച്ചിട്ടു അയാള്‍ ആ കുഞ്ഞിനെ വാരിയെടുത്തു ...പറന്നു കിടന്ന മുടി പിറകിലേക്ക് മാടി വച്ചിട്ട് ആ പിഞ്ചു കവിളില്‍ തെരു തെരെ ഉമ്മ വച്ചു....അവളെയും ചേര്‍ത്തുപിടിച്ചുകൊണ്ട്‌ വീടിലേക്ക്‌ നടക്കുമ്പോള്‍ ഇതെന്റെ മകള്‍ ആണെന്ന് ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയണം
എന്നയാള്‍ക്ക് തോന്നി.....അപ്പോഴും കയ്യിലെ ആ ചെറിയ കളിപ്പാട്ടം അവള്‍ മുറക്കിപ്പിടിചിട്ടുണ്ടായിരുന്നു .........................!!!!

Sunday, October 10, 2010

മരണത്തിന്റെ മണിമുഴക്കം

ഇരുട്ടിന്റെ ആത്മാവിന് കനം കൂടിക്കൊണ്ടിരുന്നു ചീവീടിന്റെ കരച്ചിലും ഇടക്കെപ്പോഴോ മുഴങ്ങുന്ന മൂങ്ങയുടെ മൂളലും അവന്റെ മനസിനെ ചെറുതായി ഭീതിയുടെ കയങ്ങളിലേക്ക് തളിയിടുന്നുണ്ടായിരുന്നു .അന്ത്യ വിളിയുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുന്ന അവന് ഉള്ള സമയം വെറുതെ കളയാന്‍ അല്ലാതെ മറ്റൊന്നിനും തോന്ന്നിയില്ല .അവന്റെ പ്രായമുള്ളവര്‍ അവന്‍ അല്ലാതെ മറ്റാരും തന്നെ ഇല്ലായിരിക്കാം .കാരണം അവന്‍ പിറന്നുവീണഇട്ടു നൂറ്റിയാരു വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു .ജീവ ലക്ഷണം ഇല്ലാത്ത വിചിത്രമായ മേനി കാണുമ്പൊള്‍ അവന് തന്നെ അറപ്പ് തോന്നുമായിരുന്നു .
നിദ്രാ ദേവി അവനെ തഴുകി ഉറക്കാന്‍ തുടങ്ങിയിരുന്നു ...നിമിഷങ്ങള്‍ ഏറെ കഴിഞ്ഞില്ല പുറത്ത് എന്തോ ശബ്ദം കേടു അവന്‍ ഞെട്ടി ഉണര്‍ന്നു .കണ്ണ് തുറന്നു അവന്‍ ചുറ്റും നോക്കി .എവിടെയും കുറ്റിരുട്ടു ...മുഷിഞ്ഞ തലയണയുടെ അടിയില്‍ നിന്നും തീപ്പെട്ടി തപ്പിയെടുത്ത് റാന്തല്‍ വിളക്കിലേക്ക് തീയുടെ അംശം പകര്‍ന്നു ..വിറയ്ക്കുന്ന കൈകള്‍ കൊണ്ട്‌ റാന്തല്‍ എടുത്തവന്‍ മുന്നോട്ടു നീങ്ങി .ഞെരക്കത്തോടെ വാതില്‍ തുറന്നപ്പോള്‍ കാറ്റു അകത്തേക്ക് പാഞ്ഞു കയറി വിളക്കിന്റെ നാളത്തെ അട്ടിയകറ്റി.അവന്‍ പതുക്കെ പുറത്തേക്ക് ചുവടുകള്‍ വച്ചു.
ഗഗനത്തില്‍ കണ്ട അപൂര്‍വ നക്ഷത്രങ്ങള്‍ അരികിലേക്ക് മാടിവിളിക്കുന്നതായി തോന്നി .ദൂരെ എവിടെയോ ക്ലോക്കില്‍ മണി പന്ത്രണ്ടു വട്ടം ശബ്ദം ഉണ്ടാക്കി .
ഒരു ചാവാലിപ്പട്ടി ആ കുടിലിനു അരുകില്‍ ഇരുന്നു ഉറക്കെ മോങ്ങി .ഭയം കൊണ്ട്‌ മുകളിക്ക്‌ നോക്കിയ അവന്‍ ഞെട്ടി വിറച്ചുപോയി .
തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കട വവലുകളെ ആ രാത്രിയിലും അവന്‍ കണ്ടു .ഏതോ അപകടത്തിന്റെ സൂചന പോലെ മഴ ക്കാറു വന്നു അന്തരീക്ഷത്തെ അകെ മൂടി .ഒരു കൊള്ളിയാന്‍ മിന്നിപ്പോലിഞ്ഞു .ഭൂമിയെ ആശ്വസിപ്പിക്കാന്‍ എന്നവണ്ണം ജലത്തുള്ളികള്‍ താഴേക്ക്‌ പതിക്കാന്‍ തുടങ്ങിയിരുന്നു കൊള്ളിയനെ പിന്തുടര്‍ന്നെന്ന പോലെ ഒരു ഇടി ആഞ്ഞ് വെട്ടി .മനസൊന്നു പതറി വെട്ടിയിട്ട പാഴ് തടി പോലെ അവന്‍ താഴേക്ക്‌ വീണു .കയ്യിലിരുന്ന റാന്തല്‍ ദൂരേക്ക്‌ തെറിച്ചു വീണു . നനഞ്ഞ മണ്ണില്‍ കിടന്നു ആ മെല്ലിച്ച ശരീരം വിറച്ചു തുടങ്ങിയിരുന്നു .മഴയുടെ ശക്തി ക്ഷേയിക്കുണ്ടായിരുന്നു .ഒപ്പം ആ വൃദ്ധ ശരീരത്തിന്റെ വിറയലും .
നിമിഷങ്ങള്‍ അലറിക്കുതിച്ചു പായുകയായിരുന്നു .ഒടുവില്‍ മഴ പൂര്‍ണമായും നിലച്ചു ....ഒപ്പം ആ അനാഥ ശരീരത്തിന്റെ ചലനവും.....!

Tuesday, October 5, 2010

ആമുഖം

‘സ്വകാര്യജീവിത യാതാര്ത്ത്യങ്ങ‍ളല്ല ഈ കുറിപ്പുകളിലുള്ളത്. അനുവാദവും നിയന്ത്രണവുമില്ലാതെ അന്നന്നത്തെ ചിന്തകള്‍ക്കിടയില്‍ രൂപപ്പെട്ട് വന്ന ചില ഓര്‍മകള്‍. അതില്‍ ഞാന്‍ പലപ്പോഴും സാക്ഷിയും കഥാപാത്രവുമായിരിക്കും. എന്റെ സുഹൃത്തുക്കള്‍ കൂടി ഉള്‍ക്കൊണ്ട സമൂഹത്തിന്റെ ഓര്‍മകള്‍ അതിലുണ്ടാവുക സ്വാഭാവികമാണ്. എന്റെ, ഞങ്ങളുടെ വേദനകള്‍, നഷ്‌ടങ്ങള്‍, നിരാസങ്ങള്‍, അപൂര്‍വമായി മാത്രം എത്തുന്ന സന്തോഷങ്ങള്‍, അതൊക്കെ അവിടവിടങ്ങളിലായി ഈ കുറിപ്പുകളില്‍ നിങ്ങള്‍ക്കു കണ്ടെത്താം