Sunday, October 16, 2011

കാഴ്ച്ചകള്‍ക്കപ്പുറം

നേര്‍ത്ത കാറ്റേററ് അടയുകയും തുറക്കുകയും ചെയ്യുന്ന ജനാലയോട് ചേര്‍ന്നു കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി .കുറച്ച്‌ ദിവസങ്ങളായിട്ട് ഇപ്പോള്‍ ഇങ്ങനെ ആണ് .ഒരു വഴിയാത്രികനെ പോലെ കണ്ണുകളിലേക്കു കടന്നു വരാറുള്ള ഉറക്കം പെട്ടെന്ന് തന്നെ വഴിമാറി പോകുന്നു . ഞെട്ടി ഉണര്‍ന്നാല്‍ പിന്നെ എപ്പോള്‍ ആണ് ഉറങ്ങാന്‍ ആകുക എന്നത് നിശ്ചയം ഇല്ലാതെ ആയിരിക്കുന്നു .പലപ്പോഴും കണ്ണുകള്‍ ഇറുക്കിയടച്ച് മൂടിപ്പുതച്ചു കിടക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെയും വെള്ളിത്തിരയിലെ നിഴല്‍ചിത്രങ്ങള്‍ എന്ന പോലെ ഒന്നിന് പിറകെ ഒന്നായി കടന്നു വരുന്ന മുഖങ്ങള്‍. കണ്ടു പരിച്ചയിച്ചതും കേട്ടറിഞ്ഞതുമായ സ്വരങ്ങള്‍, ഇവയെല്ലാം ഒരു മിന്നല്‍പിണര്‍ പോലെ ഹൃദയത്തിലേക്ക് തുളച്ചു കയറാറൂമുണ്ട്. നിശ്ചലമായ കുറെ നിമിഷങ്ങള്‍ക്കപ്പുറം ഒരു വിരഹത്തിന്റെ വേദന മാത്രം അവശേഷിപ്പിച്ച് ഒരു യാത്ര പറച്ചിലിന് പോലും അനുവാദം ചോദിക്കാതെ കടന്നു പോകുമ്പോള്‍ "താനും ഒരു മനുഷ്യന്‍ ആണ് " എന്ന ചിന്ത പലരും സൌകര്യപൂര്‍വ്വം മറക്കുകയാണെന്ന് എനിക്ക് തോന്നി.
നേരം ഏറെ ആയിക്കാണും . കിടന്നു കൊണ്ടു തന്നെ കൈ എത്തിച്ചു മേശമേല്‍ പരതി വാച്ച് കയ്യിലൊതുക്കി മുഖത്തേക്ക് അടുപ്പിച്ചു. സമയം ഒന്നര... ഞാന്‍ പതുക്കെ എണീറ്റു. ഗ്ലാസ്സില്‍ അടച്ചു വച്ചിരുന്ന വെള്ളം ഒന്നാകെ വായിലേക്ക് കമഴ്ത്തി എന്നിട്ടും ദാഹം മാറിയില്ല പക്ഷെ ഇനി വെള്ള മേടുക്കണമെങ്കില്‍ അടുക്കളയിലേക്കു പോകണം എന്ന കാരണം കൊണ്ടു തന്നെ ഒടുങ്ങാത്ത ദാഹത്തെ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .ഇന്നലെ കിടന്നപ്പോള്‍ അണക്കതിരുന്നതിനാല്‍ ഇന്നെനിക്കു ലൈറ്റ് ഇടേണ്ടി വന്നില്ല.ശബ്ദമുണ്ടാക്കാതെ അലമാരക്ക് പിറകില്‍ ഇരുന്ന റൈറ്റിംഗ് പാഡ് ഞാന്‍ തപ്പി എടുത്തു മേശയോടു ചേര്‍ന്നു കിടന്ന കസേരയിലേക്ക് അമര്‍ന്നിരുന്നു .ഡ്രോയറിനുള്ളിലേക്ക് കൈ കടത്തി കൂട്ടത്തില്‍ നല്ലത് എന്ന് തോന്നിയ പെനകളിലോന്നു ഞാന്‍ കൈക്കലാക്കി. ഇതിനിടയില്‍ എപ്പോഴോ മേശപ്പുരത്തിരുന്ന കണ്ണട എന്റെ കണ്ണുകളെ സംരക്ഷണ ഭിത്തിക്കുള്ളിലാക്കാന്‍ എന്ന വണ്ണം മൂക്കിനു മുകളിലേക്ക് നടന്നു കയറിയിരുന്നു.

നെറ്റിക്ക് മീതെ കൈത്തലം വച്ചു കൈമുട്ടുകള്‍ പലക കൊണ്ടുള്ള മേശമേല്‍ ഊന്നി കുറെ നേരം കണ്ണടച്ചിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ് .തിരമാലകള്‍ കരയിലേക്ക് പതഞ്ഞു കയറുന്നതിനു മുന്‍പുള്ള നിശബ്ദത പോലെ കുറെ നേരം. അത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാകാം. ചിലപ്പോഴൊക്കെ അതിനും മേലെ. നിര്‍വചിക്കനകത്ത്തതും നിയന്ത്രണമില്ലത്തതുമായ ചിന്തകള്‍ കൈ വെല്ലയിയിലിട്ടു അമ്മാനമാടി ചൂടായി നില്‍ക്കുന്ന തലചോറിനുള്ളിലേക്ക് കടത്തി വിട്ട് അവിടെ നിന്നും നെല്ലും പതിരും വേര്‍തിരിച്ച് വാക്കുകളും വരികളുമായി ആയി രൂപപ്പെടുമ്പോള്‍ അതിനെന്തോക്കെയോ അര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും അതിലുപരി അതിനെ മറ്റുള്ളവര്‍ അന്ഗീകരിക്കുമെന്നും തോന്നിയിരുന്നു.
ഇനി ഒരു യുദ്ധം ആണ്. കഥയും കഥാകൃത്തുമായി, കഥാകൃത്തിലെ ചിന്താ തലങ്ങളുടെ വ്യാപ്തിയും കഥാപാത്രങ്ങളുടെ വ്യക്തിത്വവും തമ്മില്‍.. അതില്‍ ആരു വിജയിച്ചാലും അന്തിമ വിജയത്തിന്റെ അവകാശം അവള്‍ക്കു തന്നയാണ്. .."നന്ദിനിക്കുട്ടിക്ക് " ..! നന്ദിനിക്കുട്ടി എന്നത് ഞാന്‍ തന്നെ ആണ്. ആരും അറിയാതെ മറ്റൊരാളെപ്പോലും അറിയിക്കാതെ ഇത്രനാളും മനസ്സില്‍ സൂക്ഷിച്ചിരുന്ന സത്യം ..നന്ദിനിയെ പലരും അറിയും, കാരണം അവളുടെ അക്ഷരങ്ങള്‍ വാക്കുകളായി പരിണമിച് പലപ്പോഴും പലരോടും ചങ്ങാത്തം കൂടിയിട്ടുമുണ്ടാകും .യൌവ്വനത്തിന്റെ തീഷണതയിലെന്നോ വിപ്ലവത്തിന്റെ നാരയ വേരില്‍ പിടിച്ചു തൂങ്ങി അര്‍ഥങ്ങള്‍ അറിയാത്ത വാക്കുകള്‍ എച്ച് കെട്ടി കവിത എന്ന പേരില്‍ ആഴ്ചപ്പതിപ്പിന് അയക്കുമ്പോള്‍ ഒരിക്കലും പിടിക്കപെടരുത് എന്ന എന്ന ചിന്ത ആയിരുന്നില്ല, നന്ദിനിക്കുട്ടി എന്ന പേരിനു പിന്നില്‍. പകരം ആദ്യമായി കുത്തിക്കുറിച്ച വാക്കുകള്‍ പ്രസിധീകരണയോഗ്യമല്ല എന്ന കാരണത്താല്‍, യാതൊരു ധക്ഷിണ്യവും ഇല്ലാതെ ചവറ്റു കുട്ടയിലേക്കെറിയപ്പെടുന്നത് തന്റെ പേര് കൂടി ആകരുത് എന്നതിനാല്‍ മാത്രമായിരുന്നു. പിന്നെടോക്കെയും ആഴ്ചപ്പതിപ്പുകള്‍ ചിലത് സ്ഥിരമായി വീട്ടിലേക്കു കടന്നു വരാറുണ്ടായിരുന്നു. പേജുകള്‍ക്കിടയില്‍ "നന്ദിനിക്കുട്ടി" എന്ന പേര് പരതുന്നതും കൂട്ടക്ഷരങ്ങളെ ഉള്‍ക്കൊള്ളുന്ന ആ അഞ്ചക്ഷരങ്ങള്‍ പ്രത്യക്ഷമാല്ലതിരുന്നിട്ടും നോമ്പരങ്ങള്‍ക്ക്‌ പകരം ഇന്നല്ലെങ്കില്‍ നാളെ എന്ന ശുഭ ചിന്ത മാത്രവുമായിരുന്നു.
ഒടുവില്‍ ഒരുനാള്‍ തന്റെ പ്രതീക്ഷകള്‍ക്കെല്ലാം ഫലമുണ്ട്‌ എന്ന സൂചന നല്‍കി ആ വര്‍ഷത്തെ മാര്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ മുപ്പത്തിയാറാം പേജിന്റെ ഇടതു കോണിലിരുന്നു പുഞ്ചിരിക്കുന്ന "നന്ദിനിക്കുട്ടി" ഞാനാണെന്ന് എല്ലാവരോടും ഉറക്കെ വിളിച്ചു പറയണമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ പിന്നീട് ചിന്തിച്ചപ്പോള്‍ വേണ്ടന്നു തോന്നി .അതിന് ശേഷം എഴുതിക്കൂട്ടിയ കഥകള്‍ക്കും കവിതകള്‍ക്കും അവകാശി അവള്‍ തന്നെ ആയിരുന്നു അത് ഞാന്‍ ഒരിക്കലും എഴുതി നല്കുകയായിരുന്നില്ല ആജ്ഞാനുസരണം അവള്‍ എന്നില്‍ നിന്നും പിടിച്ചെടുക്കുക തന്നെ ആയിരുന്നു .ഒരു പക്ഷെ തന്റെ ഭാര്യക്കും മകള്‍ക്കും പോലും അറിയില്ലായിരിക്കും ഈ "നന്ദിനിക്കുട്ടി" ഞാന്‍ തന്നെയാണെന്ന്.

എന്റെ കഥയിലെ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതത്തിലെ നേരും നെറിയും അവര്‍ തന്നെ മനസിലാക്കാന്‍ തുടങ്ങിയിരുന്നു .അവസാനിപ്പിക്കാന്‍ എന്ന വണ്ണം കുറച്ച്‌ വാക്കുകള്‍ അടുക്കൊടും ചിട്ടയോടും കൂടി വെള്ള പേപ്പറില്‍ നിരത്തി വെച്ച് ഞാന്‍ എഴുന്നേറ്റു. എഴുതി മുഴുമിപ്പിച്ച കഥ മൂന്നായി മടക്കി കവറിലിട്ടു ആഴ്ചപ്പതിപ്പിന്റെ മേല്‍വിലാസവും എഴുതി റൈറ്റിംഗ് പാഡിനോടൊപ്പം അലമാരയുടെ പിന്നില്‍ ഒളിപ്പിച്ചു. ഭാഗ്യം ..! അവള്‍ ഒന്നും അറിഞ്ഞിട്ടില്ല ഉറക്കത്തിലും പുഞ്ചിരിക്കുന്ന ഭാര്യയുടെ മുഖത്തേക്ക് ഞാന്‍ ഇമയനക്കാതെ കുറച്ച്‌ നേരം നോക്കി നിന്നു .എന്നിട്ട് ഞാന്‍ അവളുടെ ചെവിയോടു എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവച്ചു മന്ത്രിച്ചു " നീ പലപ്പോഴും ചോദിക്കാറില്ലേ ഈ നന്ദിനിക്കുട്ടി ആരാണെന്നു ? നിങ്ങള്‍ക്കെന്ത ഇവളുടെ കഥകളോടും കവിതകളോടും ഇത്ര ഇഷ്ടം എന്ന് ..? അപ്പോഴൊക്കെയും നിന്നില്‍ നിന്നും ഞാന്‍ വഴുതി മാറിയിരുന്നത്‌ പലരില്‍ നിന്നും ഓടി ഒളിക്കാനുള്ള വ്യഗ്രത കൊണ്ടു മാത്ര മായിരുന്നു..വെറൊരാളെപ്പോലും അറിയിക്കണം എന്നെനിക്കില്ല പക്ഷെ നീ അറിയണം . കാരണം നന്ദിനിക്കുട്ടി എന്റെ മനസ്സില്‍ കിടന്നു നീരിപ്പുകയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി ..മറ്റുള്ളവര്‍ ആരും, തന്നെ ഒരിക്കലും ഒരു കവിആയോ കഥാകൃത്ത് ആയോ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല കാരണം ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രമാണ് . എല്ലാ ദിവസവും ചോറുപാത്രവും കയ്യില്‍ പിടിച്ചു ജോലിക്ക് പോകുന്ന, കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും, അതോടൊപ്പം ഏതവസ്ഥയിലും എന്റൊപ്പം നില്‍ക്കുന്ന നിന്നെയും നമ്മുടെ മോളെയും ഒരുപാട് സ്നേഹിക്കുന്ന വെറും പത്താം ക്ലാസ്സുകാരനായ സാധാരണക്കാരന്‍ ..! സാഹിത്യം എന്റെ അക്ഷരങ്ങളില്‍ മാത്രമാണ് .അതൊരിക്കലും കൈപ്പേറിയ എന്റെ ജീവിതനുഭാവങ്ങള്‍ക്കിടയില്‍ കൂട്ടിക്കുഴക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല."
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ..ഇല്ല ഉണര്‍ന്നിട്ടില്ല. ഒന്നും കേട്ടിട്ടും ഉണ്ടാവില്ല . ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ പോയി ലൈറ്റ് കെടുത്തി അവളോടൊപ്പം ചേര്‍ന്നു കിടന്നു ..കുറച്ച്‌ മണിക്കൂറൂകള്‍ കൂടിയുണ്ട് നേരം വെളുക്കാന്‍ .വലതു കൈ കൊണ്ടു അവളെ ചേര്‍ത്ത് പിടിച്ചു ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു . ഉറക്കത്തെ കൈ എത്തിപ്പിടിക്കാന്‍ എന്ന വണ്ണം ..! .അപ്പോഴും അലമാരക്ക് പിന്നിലോളിപ്പിച്ചിരുന്ന കവറി നുള്ളിലിരുന്നു "നന്ദിനിക്കുട്ടി" പുഞ്ചിരിക്കുന്നുണ്ടായിരുന്നു .

2 comments:

  1. ആ രാത്രിയിലെ കുഞ്ഞു കുഞ്ഞു നിമിഷങ്ങള്‍ വളരെ വാചാലമായി, വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ നിമിഷവും ഞാനും അവരോടൊപ്പം സഞ്ചരിക്കുകയായിരുന്നു. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  2. >>>അപ്പോഴും അലമാരക്ക് പിന്നിലോളിപ്പിച്ചിരുന്ന കവറി നുള്ളിലിരുന്നു "നന്ദിനിക്കുട്ടി" പുഞ്ചിരിക്കുന്നുണ്ടായിരുന്നു.<<<

    എന്തൊരു കഷ്ടം.
    വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete

many many thanks for ur message....